rajasooyam

Wednesday, April 3, 2024

വിളിപ്പുറത്തുണ്ടൊരാള്‍

Sunday, March 31, 2024

 

കൊല്ലന്‍ തിരുമേനിയായ കഥ

 

(ഭട്ടിയില്‍ കുഴിയംകുന്നത്തുമനയ്ക്കല്‍ വലിയ നാരായണന്‍ നമ്പൂതിരി അവര്‍കള്‍ ചൊല്ലിക്കേട്ടത്)

 

തിരുമേനി കൊല്ലനോട് ഒരു പിശ്ശാങ്കത്തിയുണ്ടാക്കിത്തരാന്‍ പറഞ്ഞിട്ട് കൊല്ലം രണ്ട് കഴിഞ്ഞു. ചോദിക്കാന്‍ ചെല്ലുമ്പോഴൊക്കെ കൊല്ലന്‍ തിരുമേനിയോട് ഓരോരോ ഒഴിവുകഴിവ്‌ പറയും. പിന്നെപ്പിന്നെ തിരുമേനിയെ കാണുമ്പോള്‍ അയാള്‍ ഒഴിഞ്ഞുമാറാനും ഒളിച്ചുനില്‍ക്കാനും മറ്റും  തുടങ്ങി. ഏറ്റവുമൊടുവില്‍ തമ്മില്‍ കണ്ടപ്പോള്‍ ഇനി അത്ര പെട്ടെന്നൊന്നും  തിരുമേനി കത്തിയന്വേഷിച്ച് വരാതിരിക്കാനായി കൊല്ലന്‍ ഒരു സൂത്രമങ്ങ് പ്രയോഗിച്ചു. അയാള്‍ തിരുമേനിയോട് പറഞ്ഞു: “ കേട്ടോ തിരുമേനീ, തിരുമേനീടെ പിശ്ശാങ്കത്തിക്ക് ഒരാനക്കൊമ്പിന്‍റെ പിടിയിടണമെന്നാണ്‌ എന്‍റെ ആഗ്രഹം. ആനക്കൊമ്പാണേല്‍ കിട്ടാനുമില്ല. അതുകൊണ്ടാണ്‌ വൈകണത്. തിരുമനസ്സുകൊണ്ട് മറ്റൊന്നും തോന്നരുതേ...”

ഇതു കേട്ടതും തിരുമേനി പൊട്ടിത്തെറിച്ചു: “ ഏഭ്യ! ഈ നിസ്സാരകാര്യത്തിനായിരുന്നോ നീ എന്നെയിട്ട് വട്ടം കറക്കീത്? ആനക്കൊമ്പ് നോം നാളെത്തന്നെ കൊണ്ട്വരാം. നാളെത്തന്നെ കത്തിയും തരണം”.

ഇത് കേട്ടവാറെ കൊല്ലന്‍ അസാരം പരിഭ്രമിച്ചുവശായി. (പരിഭ്രമിച്ചവശനായി എന്നതിന്‍റെ ഷോര്‍ട്ട്).

തിരുമേനിയാണെങ്കില്‍  അന്നേരത്തെ  വാശിക്കങ്ങനെ അബദ്ധത്തില്‍ പറഞ്ഞുപോയതാണ്‌ ആനക്കൊമ്പ് കൊണ്ടുവരാന്ന്. പിന്നെ ഒരുമുറി കൊമ്പിനുവേണ്ടി തിരുമേനി മുട്ടാത്ത ആനവാതിലില്ലെന്നായി! സ്വന്തം കൊമ്പു മുറിക്കാന്‍ ഒരു കൊമ്പനും സമ്മതിക്കില്ലല്ലോ. പിടിയാണെങ്കില്‍ പറയുകയും വേണ്ട!

 

എന്തിനുപറയുന്നു, ഇപ്പോള്‍ കൊല്ലനെ കാണാതെ ഒളിച്ചുനടപ്പാണ്‌ തിരുമേനി!!!

 

Thursday, March 28, 2024

 

അറിയില്ല!

(സഖാവ് ശ്രീകുമാറിന്‌)

ഞാന്‍ എന്നോട് ചോദിച്ചു:

-നിന്‍റേതടക്കം അനവധി റിട്ടയര്‍മെന്‍റുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടില്ലേ നീ?

-ഉവ്വ്

-അന്നൊന്നുമില്ലാത്തവിധം ഇപ്പോഴെന്തേ ഈ വിങ്ങല്‍? ഈ ഇടര്‍ച്ച?

-അറിയില്ലെനിക്ക്...

അപ്പോഴും സാന്ത്വനവുമായി അവനെത്തി:

“ സഖാവേ, ഇന്ന് ദു:ഖവെള്ളിയായിരിക്കാം. പക്ഷേ ഓര്‍ക്കുക, പുറകേ വരുന്നുണ്ട് ഈസ്റ്റര്‍!...”.

 

Tuesday, March 26, 2024

 

ജയ് ശ്രീ (കുമാര്‍)

 

സഖാവ് ശ്രീകുമാറിനെപ്പറ്റി പണ്ട് മഹാകവി വള്ളത്തോള്‍ ഒരു കവിതയെഴുതിയിട്ടുണ്ട്. അത് അധികമാരും കേട്ടിട്ടുണ്ടാവാനിടയില്ല. ആ കവിതയിലെ ഒരു ഭാഗമാണ്‌ താഴെ കൊടുക്കുന്നത്:

ക്രിസ്തുദേവന്‍റെ പരിത്യാഗശീലവും

സാക്ഷാല്‍ കൃഷ്ണനാം ഭഗവാന്‍റെ ധര്‍മ്മരക്ഷോപായവും

ബുദ്ധന്‍റെയഹിംസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും

രന്തിദേവന്‍റെ ദയാവായ്പും

ശ്രീഹരിശ്ചന്ദ്രനുള്ള സത്യവും മുഹമ്മദിന്‍ സ്ഥൈര്യവു-

മൊരാളില്‍ ചേര്‍ന്നൊത്തുകാണണമെങ്കില്‍

ചെല്ലുവിന്‍ ഭവാന്മാരെന്‍ സഖാവിന്‍ നികടത്തില്‍

അല്ലെങ്കിലദ്ദേഹത്തിന്‍ ചരിത്രം വായിക്കുവിന്‍!”

 

അടിക്കുറിപ്പ്:

നമ്മള്‍ എല്ലാവരും പ്രാര്‍ത്ഥിച്ചതാണ്‌ ശ്രീകുമാര്‍ ഒരിക്കലും റിട്ടയര്‍ ചെയ്യല്ലേ എന്ന്! പ്രാര്‍ത്ഥന പക്ഷേ ഫലിച്ചില്ല. (എല്ലാവരും എന്നു പറഞ്ഞുകൂട. ഒരാള്‍ ഒഴികെ എല്ലാവരും എന്നതാണ്‌ ശരി. ആ ഒരാള്‍ വരുന്ന മെയ് 31ന്‌ വി ആര്‍ എസ് എടുത്ത്  പോവുകയാണെന്നു കേട്ടു. അതെന്തെങ്കിലുമാവട്ടെ).

സഖാവ് ശ്രീകുമാറിന്‌ വിശ്രമജീവിതം ഒഴികെയുള്ള എല്ലാ  സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

ജയ് ശ്രീ (കുമാര്‍)!!!

Wednesday, February 28, 2024

 

വിട്ടുപോയത്

 

വിളിപ്പുറത്തുണ്ടൊരാള്‍ ന്‍റെ ആമുഖത്തില്‍ ഇങ്ങനെ കുറിച്ചിരുന്നു:

“ആശ്രിതനിയമനം,അതിര്‍ത്തിത്തര്‍ക്കം, ആചാരലംഘനം,

ജൂനിയര്‍-സീനിയര്‍ അനോമലി, ഇന്‍ക്രിമെന്‍റ് ബാര്‍,ഡൈസ്നോണ്‍,

ത്രീലെവെന്‍ ടു സി, റൂള്‍ ഫോര്‍ട്ടീന്‍, റിട്ടപ്പീല്‍,

പണയം, പ്രണയം,ഒളിച്ചോട്ടം,

റജിസ്റ്റര്‍ മാരേജ്, ലഹരിപ്രിയം, കുടുംബകലഹം

എന്നുതുടങ്ങി നിങ്ങളുടെ ഏത് പ്രശ്നത്തിനും വിളിക്കാം.

വിളിപ്പുറത്തുണ്ടൊരാള്‍...”

പിന്നീടാണോര്‍മ്മവന്നത്, ഇതില്‍ ഒരൈറ്റം വിട്ടുപോയിട്ടുണ്ട്.

ഐറ്റത്തിന്‍റെ പേര്‌ വിവാഹമോചനം!

അതായത് നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യയില്‍ നിന്നോ ഭര്‍ത്താവില്‍ നിന്നോ മോചനം വേണമെന്നുണ്ട്. എന്നാലോ പ്രസ്തുത അഭിലാഷം   അവരോട് നേരിട്ട് പറയാനും വയ്യ. അത്തരം സന്ദിഗ്ധ ഘട്ടങ്ങളില്‍ വേറെ ഒന്നും ആലോചിക്കാനില്ല, സഖാവിനെ വിളിച്ച് വിവരം പറയുക. വെറും രണ്ടാഴ്ചകൊണ്ട് സംഗതി കലക്കി കൈയില്‍ തരും!

(ഇതിന്‌ ദൃഷ്ടാന്തമുണ്ട്)

ദോഷം പറയരുതല്ലൊ, സഖാവ് നേരിട്ടല്ല ഈ കര്‍മ്മം ചെയ്യുന്നത്. ഏതോ ചാത്തന്‍ സ്വാമി വഴിയാണ്‌ എടവാട്. സഖാവ് എടനെലക്കാരന്‍ മാത്രം.

ഒരു കലക്കലിന്‌ മുപ്പതിനായിരമാണ്‌ ചാത്തന്‍റെ ചാര്‍ജ്. സഖാവ് അത് ഇരുപത്തഞ്ചിന്‌ ഒപ്പിച്ചുതരും. സഖാവും ചാത്തന്‍സും തമ്മിലുള്ള ഒരഡ്ജസ്റ്റ്മെന്‍റാണത്. നിങ്ങളെ ചാത്തന്‍റെ സവിധത്തില്‍ എത്തിക്കുന്ന കാര്യമെല്ലാം സഖാവ് നോക്കിക്കോളും.

(അതിനും ദൃഷ്ടാന്തമുണ്ട്)

ഒരൊറ്റ കണ്ടീഷന്‍ മാത്രമേയുള്ളൂ. ആയിരം രൂപ പാര്‍ട്ടി ഫണ്ടിലേക്ക് കൊടുക്കണം.

എന്നാലെന്താ ബാക്കി നാലായിരം ലാഭമല്ലേ...

Thursday, January 25, 2024

 

മിസ്സിംഗ്

ഡിക് ഷണറിയില്‍ നിന്ന് വാക്ക് അപ്രത്യക്ഷമാകുമോ?

പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

പക്ഷേ സത്യമാണ്‌ ഞാന്‍ പറയുന്നത്.

2023 ഡിസംബര്‍ വരെ അതവിടെയുണ്ടായിരുന്നു.

24 ജനുവരിയായപ്പോള്‍ കാണ്മാനില്ല!

ടി. രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം ഡിക് ഷ്ണറിയായിരുന്നു.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ചത്.

മുമ്പുണ്ടായിരുന്ന മറ്റെല്ലാ വാക്കുകളും അതില്‍ അതേപോലെ തന്നെയുണ്ട്.

ഈയൊരെണ്ണം മാത്രമേ മിസ്സിങ്ങായിട്ടുള്ളൂ.

ആരെങ്കിലും എവിടെയെങ്കിലും വെച്ച് കണ്ടാല്‍ പറയണേ...

പുറപ്പെട്ടുപോയ  വാക്ക് ഇതാണ്‌: HOPE  !!!

 

Tuesday, January 23, 2024

 

എ യും ബി യും പിന്നെ ജീയെസ്സും

 

-എഴുപതുകളില്‍ അക്കൗണ്ടാപ്പീസില്‍ സടകുടഞ്ഞെണീറ്റ നാടകപ്രസ്ഥാനത്തെപ്പറ്റി ഗുരുജി  സ്പോട്ട് ലൈറ്റില്‍ പറഞ്ഞത് കണ്ടുകാണുമല്ലൊ.

-കണ്ട്ക്കണ്‌

-ജീയെസ്സിനും അക്കാലത്തെ ധാരാളം ഓര്‍മ്മകള്‍ കാണുമല്ലൊ.

-യെസ്. ഓര്‍മ്മകള്‍ ധാരാളമുണ്ട്. പക്ഷേ അതില്‍ നീറുന്ന ഒരെണ്ണമാണ്‌ തിക്കിത്തിരക്കി മുന്നില്‍ വന്നുനില്‍ക്കുന്നത്.

-എങ്കില്‍ അതേപ്പറ്റിയാവാം തുടക്കം

-നന്നേ ചുരുക്കി പറയാം. ഇന്‍ എ നട്ട് ഷെല്‍

-മതി. കശ്നണ്ടിത്തോടില്‍ മതി. അതാണിഷ്ടം.

-രാമനിലയത്തില്‍ നമ്മുടെ ഒരു നാടകത്തിന്‍റെ റിഹേഴ്സല്‍ നടക്കുകയാണ്‌. ഞാന്‍, സാബു, സോമന്‍, ഗുരുജി തുടങ്ങി ആപ്പീസിലെ പേരുകേട്ട നടന്മാരൊക്കെയുണ്ട് റിഹേഴ്സലിന്‌. നാടകത്തില്‍ ഒരു സ്ത്രീ കഥാപാത്രമുണ്ടായിരുന്നു. എത്ര തിരക്കിയിട്ടും ആ പാത്രത്തെ അവതരിപ്പിക്കാന്‍ ഒരു ലേഡിയെ കിട്ടിയില്ല. ഒടുവില്‍ ഞാന്‍ ജോസ് പായമ്മലുമായി ബന്ധപ്പെട്ട് എന്‍റെ ഉത്തരവാദിത്വത്തില്‍ ഒരു പ്രൊഫണല്‍ നാടകനടിയെ സംഘടിപ്പിക്കുകയായിരുന്നു. അവരുടെ പേര്‌ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഒരു ഇരുപത് ഇരുപത്തൊന്ന് വയസ്സുണ്ടാവും. ഏറിയാല്‍ ഇരുപത്തൊന്നര. അതിനപ്പുറം പോവില്ല. അവരും റിഹേഴ്സലിനെത്തിയിട്ടുണ്ട്. റിഹേഴ്സല്‍ തകൃതിയായി നടന്നു. എല്ലാം ഓക്കെയായി. റിഹേഴ്സല്‍ കഴിഞ്ഞപ്പോള്‍ രാത്രി ഏതാണ്ട് പത്ത് മണിയായിക്കാണും. എന്‍റെ ഉള്ളൊന്നുകാളി. നടിയെ വീട്ടില്‍ കൊണ്ടാക്കണ്ടെ? പാലിയേക്കരയിലാണ്‌ അവരുടെ വീട്. ടാക്സി പിടിച്ച് പോകുന്ന കാര്യമൊന്നും അന്നത്തെ കാലത്ത് ചിന്തിക്കാനേ പറ്റില്ല. അത്രയ്ക്ക് പണച്ചിലവുള്ള കാര്യമാണ്‌. ബസ്സുകളൊക്കെ അപ്പോഴേക്കും പോയിക്കഴിഞ്ഞിട്ടുണ്ട്. നടിയൊഴികെയുള്ളവര്‍ കൂടിയാലോചിച്ചു. ഒടുവില്‍ ഓട്ടോ വിളിച്ചുവിടാം എന്നു തീരുമാനമായി. അപ്പോള്‍ വീണ്ടും പ്രശ്നം. രാത്രി അസമയത്ത് ഒരു സ്ത്രീയെ ഓട്ടോറിക്ഷക്കാരന്‍റെ കൂടെ ഒറ്റയ്ക്ക് വിടാമോ? പറ്റില്ലല്ലൊ. എന്നാല്‍ ഒരാള്‍ കൂടെപ്പോകട്ടെ എന്നായി തീരുമാനം. അപ്പോള്‍ അതിന്മേലായി പ്രശ്നം. ആര്‌ കൂടെപ്പോകും? അന്നേരം താന്‍ കൂടെപ്പോകാം എന്നു പറഞ്ഞ് എ മുന്നോട്ടുവന്നു. ജില്ലയ്ക്കപ്പുറം വീടുള്ള എ അതിനുവേണ്ടി ബുദ്ധിമുട്ടേണ്ടെന്നും തന്‍റെ വീട് നടിയുടെ വീടിന്‍റെ ഏരിയയിലാണെന്നും അതുകൊണ്ട് താന്‍ കൂടെപ്പൊയ്ക്കോളാമെന്നും പറഞ്ഞ് ബി യും മുന്നോട്ടുവന്നു!

-ബൈ ദ ബൈ, വൈ ദിസ് എ ആന്‍ഡ് ബി?

-അതുപിന്നെ പേര്‌ വെളിപ്പെടുത്തുന്നത് പൊളിറ്റിക്കലി കറക്റ്റല്ല.

-ദെന്‍ യു ക്യാന്‍ പ്രൊസീഡ് യുവറോണര്‍

-നടിയോട് ചോദിച്ചപ്പോള്‍ ആര്‌ കൂടെപ്പോന്നാലും തനിക്ക് വിരോധമില്ലെന്നു പറഞ്ഞു. ഒടുവില്‍ തര്‍ക്കമൊഴിവാക്കാമെന്നു കരുതി എന്നാല്‍പിന്നെ രണ്ടുപേരും കൂടി കൊണ്ടാക്കട്ടെ എന്ന് ഏകകണ്ഠമായി തീരുമാനിച്ചു. (ഐക കണ്ഠ്യേന എന്നും പറയാം. ബുദ്ധിമുട്ടാണ്‌.). അപ്പോള്‍ അതാ വീണ്ടും പ്രശ്നം.

നടിയുടെ അടുത്ത് ആരിരിക്കും? ആകെ മൂന്ന് സീറ്റല്ലേയുള്ളൂ. തനിക്ക് അവരുടെ അടുത്തിരിക്കാന്‍ യാതൊരുവിധ വിരോധവുമില്ലെന്ന് എ! തനിക്ക് അത്രത്തോളം പോലുമില്ലെന്ന് ബി യും! ഒടുവില്‍ നടി നടുക്കും എ യും ബി യും അവരുടെ ഇടത്തും വലത്തുമായും ഇരിക്കട്ടേന്ന് തീരുമാനമായി... അപ്പോഴും എന്‍റെ ഉള്ളിലെ കാളല്‍ വിട്ടുമാറിയില്ല. നേരം പാതിരയോടടുക്കുകയാണ്‌. പോകുന്ന വഴി എന്തെങ്കിലും സംഭവിച്ചാല്‍ ...

-എന്തെങ്കിലും അത്യാഹിതം എന്നല്ലേ ഉദ്ദേശിച്ചത്?

-അതെ. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ഞാനല്ലേ ഉത്തരം പറയേണ്ടിവരിക? എന്‍റെ ഉത്തരവാദിത്വത്തിലല്ലേ അവരെ കൊണ്ടുവന്നിരിക്കുന്നത്? എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഒടുവില്‍ ഞാനും കൂടി വണ്ടിയില്‍ കേറാന്‍ തീരുമാനിച്ചു.!

-അതെങ്ങനെ? സീറ്റില്ലല്ലൊ

-അതെ സീറ്റില്ല. പക്ഷേ ഡ്രൈവറുടെ സീറ്റില്‍ പകുതി ഞാനിങ്ങെടുത്തു. സുരേഷ് ഗോപി തൃശൂര്‍ എടുത്തപോലെ!

-ഹാവൂ! മനസ്സമാധാനമാണല്ലൊ വലുത്. അതുപോട്ടെ, തുടക്കത്തില്‍ ജീയെസ്സ് പറയുകയുണ്ടായല്ലൊ ഇതൊരു നീറുന്ന ഓര്‍മ്മയാണെന്ന്. ഇതില്‍ എവിടെയാണ്‌ നീറ്റം?

-എങ്ങനെ നീറാതിരിക്കും? അതുവരെ ആത്മസുഹൃത്തുക്കളായിരുന്ന  എ യും ബി യും ഞാന്‍ അന്നാ വണ്ടിയില്‍ കേറാന്‍ തീരുമാനിച്ചതില്‍ പിന്നെ ഇന്നേ വരെ എന്നോട് മിണ്ടിയിട്ടില്ല!!!